തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ബ്രിട്ടൻ; ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഋഷി സുനക്

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി ചാൾസ് രാജാവിനെ ഔദ്യോഗികമായി അറിയിച്ച ശേഷം പാർലമെൻ്റ് പിരിച്ചുവിടും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഞാൻ കഴിയുന്നതെല്ലാം ചെയ്യും. നിങ്ങൾക്ക് നൽകാനാകുന്ന ഏറ്റവും വലിയ ഉറപ്പാണ് ഇതെന്നും ബ്രിട്ടൻ്റെ ഭാവി തെരഞ്ഞെടുക്കാനുള്ള സമയമാണിതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ഋഷി സുനക് പറഞ്ഞു. ഡൗണിങ്‌ സ്ട്രീറ്റിന്‌ പുറത്തുനടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശം സമയത്തിലൂടെയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം കടന്നുപോയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം എണ്ണിപ്പറഞ്ഞാണ് സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. പെട്ടെന്ന്‌ പണപ്പെരുപ്പം മൂന്ന്‌ വർഷത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ ഇടിഞ്ഞതാണ്‌ തെരഞ്ഞെടുപ്പ്‌ നേരത്തെ നടത്താനുളള തീരുമാനത്തിന്‌ പിന്നിൽ എന്ന് സൂചനകൾ ഉണ്ട്.

അതെ സമയം സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പുകളിലും കൺസർവേറ്റീവ് പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പൊതു തെരഞ്ഞെടുപ്പിൽ പാരജയപ്പെടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. അതെ സമയം തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയ്യാറാണെന്നും രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും ലേബർ പാർട്ടി വക്താവ് പറഞ്ഞു.