ഈ മാസം (സെപ്റ്റംബർ) 21ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീലങ്കയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കടന്നുപോകുന്ന പ്രതിസന്ധികളിൽ നിന്ന് രാജ്യത്തിന് കരകയറാനുള്ള അവസരമെന്ന നിലയിലാണ് സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 2022ൽ ശ്രീലങ്കയിൽ നടന്ന അതിശക്തമായ ജനകീയ പ്രതിഷേധത്തിൽ ഉയർന്ന വിഷയങ്ങൾക്ക് പലതിനും ഇപ്പോഴും പരിഹാരമായിട്ടില്ല.
രാജപക്സെ കുടുംബത്തിലെ അനന്തരാവകാശിയായ നമൽ രാജപക്സെ ആണ് ശ്രീലങ്കൻ പീപ്ൾസ് ഫ്രണ്ട് (എസ്.എൽ.പി.പി) സ്ഥാനാർഥി. നമലിന്റെ സ്ഥാനാർഥിത്വത്തിലൂടെ രാജപക്സെ കുടുംബം റനിൽ വിക്രമസിംഗെക്ക് നൽകിവന്ന പിന്തുണക്കും അന്ത്യമായി. താൽക്കാലിക പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്ത റെനിൽ വിക്രമസിംഗെയ്ക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശ്രീലങ്കൻ സമ്പദ്ഘടനയെ ആ നിലയിൽ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടില്ല. അപ്പോഴും 2022ലെ ജനകീയ പ്രക്ഷോഭ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീക്ഷയുടെ ശുഭകരമായ ഒരു അന്തരീക്ഷത്തിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്.
റനിൽ വിക്രമസിംഗെ, പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാർക്സിസ്റ്റ് ജെ.വി.പി നേതാവ് അനുര കുമാര ദിസനായകെ എന്നിവരാണ് പ്രസിഡന്റ് പദത്തിന് വേണ്ടി മത്സരിക്കുന്ന മറ്റു പ്രധാന സ്ഥാനാർഥികൾ. 39 പേരുടെ നോമിനേഷനാണ് ഇത്തവണ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളാരും മത്സരരംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച് മത്സരരംഗത്തുള്ള നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായകയാണ് ഇത്തവണ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മാറ്റത്തിൻ്റെ ഏജൻ്റാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്തുള്ള ദിസനായക തൊഴിലാളിവർഗത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ സഖ്യത്തിൻ്റെ നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്.