സിറിയയിൽ സംഘർഷം തുടരവേ രാജ്യത്തെ അഭിസംബോധന ചെയ്ത് വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി. ഉമയ്യദ് മോസ്കിലായിരുന്നു അഭിസംബോധന. സിറിയയുടെ യഥാർത്ഥ അവകാശികൾ തങ്ങളെന്ന് അബു മുഹമ്മദ് അൽ-ജുലാനി പറഞ്ഞു. ബാഷർ അൽ അസാദിനെ പുറത്താക്കിയത് സിറിയൻ ജനതയുടെ വിജയമെന്നും അൽ -ജുലാനി പറഞ്ഞു. അതെ സമയം സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി അബു മുഹമ്മദ് അല്‍-ജുലാനി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയത്.
ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസദിന്റെ പലായനത്തെ തുടർന്ന് ദമാസ്‌കസിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു.
അബു മുഹമ്മദ് അല്‍ ഗോലാനി എന്നും അറിയപ്പെടുന്ന ജുലാനിയുടെ തലയ്ക്ക് യുഎസ് 10 മില്ല്യണ്‍ ഡോളര്‍(ഏകദേശം 8.47 കോടി രൂപ) വിലയിട്ടിരിക്കുന്നതാണ്. ജുലാനിയുടെ ഉദയം ബാഗ്ദാദിയുടെ കീഴിലാണ്. സിറിയയില്‍ അല്‍ ഖ്വയ്ദയ്ക്ക് ഒരു മുന്നണി സ്ഥാപിക്കാന്‍ ബാഗ്ദാദി നിര്‍ദേശം നല്‍കിയിരുന്നു. ഇറാഖിലെ അല്‍-ഖ്വയ്ദയില്‍ നിന്നുള്ള അംഗങ്ങളെയും ആയുധങ്ങളും ഫണ്ടുകളും പ്രയോജനപ്പെടുത്തി നുസ്‌റ ഫ്രണ്ട് 2012ല്‍ രൂപീകൃതമായി. അസദിനെ അട്ടിമറിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഘടന രൂപീകരിച്ചത്.