റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി ജയിലിൽ മരിച്ചു

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവൽനി (48) അന്തരിച്ചു. ആർടിക് പ്രിസൺ കോളനിയിൽ 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ്‌ മരണം.പ്രസിഡന്റ് വ്ളാദമിർ പുടിന്റെ വിമർശകനായതിനാൽ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയത് എന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർടിക് പീനൽ ജയിലിലേക്ക് മാറ്റിയത്‌. മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മുൻപ് വിഷപ്രയോഗത്തിന് ഇരയായിട്ടുള്ള നേതാവാണ് അലക്സി നവൽനി.
ഭാര്യ: യുലിയ. രണ്ടു മക്കൾ. മരണം സ്ഥിരീകരിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.

2008 മുതലാണ് റഷ്യൻ രാഷ്ട്രീയത്തിൽ അലക്‌സി നവൽനി ശ്രദ്ധേയനാകുന്നത്. അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ നവല്‍നി ബ്ലോഗുകളിലൂടെയാണ് തുടക്കത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ പുതിന്റെ വലിയ വിമര്‍ശകന്‍ എന്ന രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. വലിയതോതിൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയർന്ന 2011ലെ ദേശീയ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലും മുൻനിരയിലായിരുന്നു സ്ഥാനം. 2017ൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വിഡിയോ നവൽനി പുറത്തുവിട്ടതോടെ കത്തിപ്പടർന്ന അഴിമതിവിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു.