വിഖ്യാത അല്‍ബേനിയന്‍ സാഹിത്യകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു

കവിതകളിലൂടെയും നോവലുകളിലൂടെയും ബാൾക്കൻ ചരിത്രവും സംസ്കാരവും ലോകത്തിന്റെ മുൻപിലെത്തിച്ച വിഖ്യാത അൽബേനിയൻ സാഹിത്യകാരൻ ഇസ്മായിൽ കദാരെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അൽബേനിയയിലെ ടിരാനയിലെ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു കദാരെയുടെ അന്ത്യം. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

അന്‍വര്‍ ഹോക്‌സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും പശ്ചാത്തലമാക്കിയുള്ള കദാരെയുടെ രചനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വായനക്കാർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. 1963ൽ ദി ജനറൽ ഓഫ് ദി ഡെഡ് ആർമി എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് കദാരെ ലോകപ്രശസ്തനായത്. ‘ബ്രോക്കണ്‍ ഏപ്രില്‍, ദി സേജ്, ദി പാലസ് ഓഫ് ഡ്രീംസ് എന്നിവയും ശ്രദ്ധേയ നോവലുകളാണ്.

നാല്‍പതോളം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മാന്‍ ബുക്കര്‍പ്രൈസ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അൽബേനിയയിൽ നിന്നും നാട് കടത്തപ്പെട്ട ശേഷം ഫ്രാൻസിൽ അഭയം പ്രാപിച്ച കദാരെ പിന്നീടുള്ള തന്റെ രചനകൾ അവടെ നിന്നുമാണ് പൂർത്തിയാക്കിയത്. ദ ബ്ലൈന്‍ഡിങ് ഓര്‍ഡര്‍, ദ പിരമിഡ്, തുടങ്ങി അനേകമനേകം കൃതികള്‍ ഇക്കാലത്തു ആണ് പുറത്തിറങ്ങുന്നത്.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അൽബേനിയൻ തലസ്ഥാനം സന്ദർശിച്ചപ്പോൾ കദാരെയെ ഗ്രാൻഡ് ഓഫീസർ ഓഫ് ലീജിയൻ ഓഫ് ഓണർ പദവി നൽകി ആദരിച്ചിരുന്നു. ഫ്രാൻസ് നേരത്തെ കദാരെയെ അക്കാദമി ഓഫ് മോറൽ ആൻഡ് പൊളിറ്റിക്കൽ സയൻസസിൻ്റെ വിദേശ അസോസിയേറ്റായും കമാൻഡർ ഓഫ് ദി ലീജിയൻ ഓഫ് ഓണറായും അംഗീകരിച്ചിരുന്നു.