വെസ്റ്റ്‌ബാങ്കില്‍ ഇസ്രയേൽ സൈന്യം അൽജസീറയിലെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലയെ(51) വെടിവെച്ചുകൊന്നു. ജെനിനിൽ ഇസ്രയേലിന്റെ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഷിറീന്റെ തലയ്‌ക്കാണ് വെടിയേറ്റതെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പല മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള, ഈസ്റ്റ് ജറുസലമിൽ ജനിച്ച അഖ്‌ലയ്ക്ക് യുഎസ് പൗരത്വമുണ്ട്. 1997ലാണ് അൽ ജസീറയിൽ ചേർന്നത്.
വെടിയേറ്റ അൽഖുദ്‌സ് പത്രത്തിലെ റിപ്പോര്‍ട്ടര്‍ അലി സമോദി അപകടനില തരണം ചെയ്തു. അന്താരഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്ന് അൽ ജസീറ പ്രതികരിച്ചു. പൂർണ ഉത്തരവാദിത്വം ഇസ്രയേൽ സൈന്യത്തിനാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പ്രതികരിച്ചു.
അതെ സമയം പലസ്തീൻ പ്രവർത്തകരും സേനയും തമ്മിലുണ്ടായ വെടിവയ്പിനിടെ അഖ്‌ലയ്ക്കു വെടിയേറ്റതാകാമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് പ്രതികരിച്ചു. പലസ്തീൻകാരുടെ വെടിയേറ്റാണ് അഖ്‍ല കൊല്ലപ്പെട്ടതെന്ന് സംശയമുണ്ടെന്നും പറഞ്ഞു. മൃതദേഹം വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും സംയുക്ത അന്വേഷണത്തിനു തയ്യാറാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.