ഡീപ്പ് ഫേക്ക് പോൺ വീഡിയോ; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി മെലോണി

തന്റെ നഗ്ന ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്ന വീഡിയോ നിര്‍മിച്ചത് ഇറ്റലി പൗരത്വമുള്ള ഒരു അച്ഛനും മകനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്തുവെക്കുകയായിരുന്നു പ്രതികൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കത്തെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.

ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്‌ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 2022-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപാണ് ഈ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വരുന്നത്. കേസിൽ വരുന്ന ജൂലൈ രണ്ടിന് ജോർജിയ മെലോണി കോടതിയിൽ മൊഴി നൽകും. യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഈ വീഡിയോ കണ്ടതായും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

പുരുഷന്മാരിൽ നിന്ന് ചൂഷണത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടിയാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പ്രതീകാത്മകമായി നൽകിയതെന്നും, ലഭിക്കുന്ന തുക പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി സംഭാവന ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രി ആണ് ജോർജിയ മെലോണി.