തെക്കൻ ലബനനിലെ യു എൻ സമാധാനസേനയ്ക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയെലിനെതിരെ വിമർശനവുമായി ലോക രാജ്യങ്ങൾ. ലബനനിലെ യു എൻ സമാധാന സേനയിൽ അറുന്നൂറിലധികം ഇന്ത്യൻ സൈനികരുണ്ട്. യു എൻ സേനയ്ക്കുനേരെയുണ്ടാകുന്ന ഒരാക്രമണവും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. ഇതുവരെയുള്ള ആക്രമണങ്ങളിൽ സമാധാനസേനാംഗങ്ങൾക്ക് ഗുരുതര പരിക്ക് ഏറ്റിട്ടില്ലെന്നും എന്നാൽ, തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നെന്നും യു എൻ പറഞ്ഞു. ബ്രിട്ടനും അപലപിച്ചു. അതിനിടെ, ലബനൻ അതിർത്തിയിലെ യു എൻ താവളത്തിന്റെ വളപ്പിലേക്ക് ഇസ്രയേൽ ബുൾഡോസർ ഇടിച്ചുകയറ്റിയതായി യു എൻ മിഷൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.
അതെ സമയം ലെബനനിലെ യുഎൻ സമാധാന സേനയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ലെബനീസ് സൈനികരെയും കൊലപ്പെടുത്തി ഇസ്രയേൽ. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് സമാധാന സേനയെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ നടന്നത്. തെക്കൻ ബിൻ്റ് ജെബെയിൽ പ്രവിശ്യയിലെ സൈനിക ചെക്ക് പോയിൻ്റിന് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു രണ്ടുപേർ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണം ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ വിശദീകരണം.
ബെയ്‌റൂട്ടിന്റെ മധ്യ ഭാഗത്തേക്ക് വ്യാഴം രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. ബെയ്‌റൂട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണമുണ്ടായി. സമീപകാലത്തെ ഏറ്റവും വലിയ മിസൈൽ വർഷമെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ് വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ, അദ്ദേഹം സുരക്ഷിതനാണെന്ന് ഹിസ്‌ബുള്ള പറഞ്ഞു.