എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും; ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ യു എസ്

ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഇറാന്റെ എണ്ണം കയറ്റുമതിയെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇറാനെതിരെ പ്രത്യാക്രമണം ചർച്ച ചെയ്യാനായി ഇസ്രായേൽ വാർ ക്യാബിനറ്റ് കൂടി. ഇത് അഞ്ചാം തവണയാണ് ക്യാബിനറ്റ് കൂടുന്നത്.എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്ക് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേലിന് പ്രതിരോധത്തിനുള്ള ഏത് നടപടിക്കും പിന്തുണ ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അതെ സമയം ഇറാൻ്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായുള്ള ചർച്ചയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്വയം പ്രതിരോധത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ഇസ്രയേൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ ഡേവിഡ് കാമറൂൺ ആവശ്യപ്പെട്ടു. മുന്നൂറോളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമായിയുരുന്നു ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ടത്. ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാന്‍ അതേ ഭാഷയിൽ ഇസ്രയേല്‍ തയ്യാറായിട്ടില്ല. എന്നാൽ തക്കതായ മറുപടി നൽകുമെന്ന് ആവർത്തിക്കുന്നുമുണ്ട്.