കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും പാക്കിസ്താനും

കിർഗിസ്താനിൽ അന്താരാഷ്‌ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കിടയിൽ വിദ്യാർഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്താനും. ഇരു രാജ്യത്തെയും വിദ്യാർഥികളോട് വീട്ടിൽ തന്നെ തുടരാനാണ് നിർദേശം. കിർഗിസ്താന്റെ തലസ്ഥാന നഗരമായ ബിഷ്‌കെക്കിൽതദ്ദേശിയരായ വിദ്യാര്‍ത്ഥികളും വിദേശ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന പ്രശ്നങ്ങളാണ് കലാപസമാനമാക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്യുന്ന തരത്തിലേക്ക് വഷളായത്. കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണങ്ങൾക്കു പിന്നാലെയാണ് എംബസികൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. വിദ്യാർഥികൾക്കു ബന്ധപ്പെടാൻ എംബസികൾ അടിയന്തര ഹെൽപ്പ് ലൈനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ബിഷ്‌കെക്കിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്ന് കിർഗിസ്താനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. നിലവില്‍ സാഹചര്യം ശാന്തമാണെങ്കിലും, പുറത്തേക്ക് ഇറങ്ങേണ്ടെന്നും എന്താവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെട്ടണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 24 മണിക്കൂറും എംബസിയിലേക്ക് വിളിക്കാം (0555710041)’ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പാകിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. ഹോസ്റ്റലില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ഏകദേശം 14,500 ഇന്ത്യൻ വിദ്യാർഥികളാണ് കിർഗിസ്താനിലുള്ളത്. പാകിസ്താനിൽനിന്നുള്ള 10,000 വിദ്യാർത്ഥികളുമുണ്ട്.

വിദ്യാര്‍ത്ഥികള്‍, പഠനാര്‍ത്ഥം തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനമുണ്ട് കിര്‍ഗിസ്താന്. പ്രത്യേകിച്ചും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും നിരവധിപ്പേര്‍ കിര്‍ഗിസ്താനില്‍ പഠിക്കുന്നുണ്ട്. 2023 ഏപ്രിലെ കണക്ക് അനുസരിച്ച് രാജ്യത്തെ വിവിധ മെഡിക്കല്‍ സര്‍വകലാശാലകളിലായി 9,500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.