ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് എക്സ് നീക്കം ചെയ്‌തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് സസ്പെൻഡ് ചെയ്തു.
‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്ത്‌തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു. ഇറാൻ എന്ന രാഷ്ട്രത്തിന്റെ ശക്തിയും കഴിവും എന്തെന്ന് നിങ്ങൾക്ക് ഉടനെ കാണിച്ചുതരാം’. എന്നാണ് എക്സിൽ കുറിച്ചത്. ഖമനേയിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് സസ്‌പെൻഡ് ചെയ്‌തത്. ഹീബ്രുവിൽ സന്ദേശങ്ങൾ എഴുതുന്ന @Khamenei_Heb അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് ഉണ്ടാക്കിയത്. ഇതിൽ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതിൽ അവസാനത്തെ സന്ദേശമായിരുന്നു ഇസ്രയേലിന് മുന്നറിയിപ്പ് നൽകുന്നത്. എക്‌സിന്റെ നിയമങ്ങൾ ലംഘിച്ചതിനാലാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതതെന്നാണ് റിപ്പോർട്ട്.
ഖൊമേനിയുടെ പ്രധാന എക്‌സ് അക്കൗണ്ടില്‍ ഇംഗ്ലിഷിലും ചില അവസരങ്ങളില്‍ ഹീബ്രു ഭാഷയിലും ട്വീറ്റ് ചെയ്യാറുണ്ട്. അറബിക് പോസ്റ്റുകള്‍ക്കായി മറ്റൊരു അക്കൗണ്ടുമുണ്ട്. കൂടാതെ ഖൊമേനി മീഡിയ എന്ന മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍, പ്രധാന അക്കൗണ്ട് റിട്വീറ്റ് ചെയ്യാറുമുണ്ട്.
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു. തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്.