പാസ്പോര്ട്ട് റദ്ദാക്കിയതിനു പിന്നാലെ ഷെയ്‌ഖ്‌ ഹസീനയെ വിചാരണയ്ക്കായി വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി

ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർടി. വിചാരണയ്ക്കായി ഷെയ്‌ഖ്‌ ഹസീനയെ വിട്ടുനൽകണമെന്നാണ് മുഖ്യപ്രതിപക്ഷ പാർടിയായ ബിഎൻപിയുടെ ആവശ്യം. ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ ആണ് മുൻ പ്രധാനമന്ത്രിയെ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ചത്. അതെ സമയം ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനിച്ചു. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അലി റെസ സിദ്ദിഖി പറഞ്ഞു. സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഈ മാസം ആദ്യമാണ് ഷെയ്‌ഖ്‌ ഹസീന രാജി വച്ചശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

സംവരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ ഹസീന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്ന പരാതിയിൽ 3 കേസുകൾ കൂടി ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മൂന്ന്‌ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ഹസീനയ്ക്കും മറ്റ്‌ 49 പേർക്കുമെതിരെ പരാതി നൽകിയത്‌. ഇതോടെ, ഹസീനയ്ക്കെതിരെ ട്രൈബ്യൂണലിൽ സമർപ്പിക്കപ്പെട്ട പരാതികളുടെ എണ്ണം ഏഴായി. രാജിവച്ച്‌ നാടുവിട്ടതിനുശേഷം 44 കേസാണ്‌ ഇവർക്കെതിരെ എടുത്തിരിക്കുന്നത്‌. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ, ഹസീനയുടെ ഉപദേശകനായിരുന്ന സൽമാൻ എഫ്. റഹ്മാൻ എന്നിവരും വിവിധ കേസുകളിൽ പ്രതികളാണ്.