പാകിസ്താനിൽ അനിശ്ചിതത്വം അവസാനിച്ചു; ഷെഹബാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനാർഥി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാകിസ്താനിൽ സർക്കാർ രൂപീകരണത്തിന് ധാരണ. ദിവസങ്ങൾ നീണ്ട തീവ്ര ചർച്ചകൾക്ക് പിന്നാലെ സഖ്യ സർക്കാർ രുപീകരിക്കുമെന്ന് ഭൂട്ടോ സർദാരിയുടെ പാകിസ്താന്‍ പീപ്പിൾസ് പാർട്ടിയും (പിപിപി) നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസും (പിഎംഎൽ-എൻ) അറിയിച്ചു. പിഎംഎൽ എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വ്യക്തമാക്കി. പിപിപി നേതാവ് ആസിഫ് അലി സർദാരി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത സ്ഥാനാർഥിയാകും.

പിഎംഎൽ-എന്നിനും പിപിപിക്കും ഫെഡറൽ ഗവൺമെൻ്റ് രൂപീകരിക്കാൻ മതിയായ സീറ്റുകൾ ഉണ്ടെന്നും മറ്റ് ചെറിയ പാർട്ടികളുടെ പിന്തുണയുണ്ടെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. നാഷണൽ അസംബ്ലി സ്പീക്കർ, സെനറ്റ് ചെയർമാൻ സ്ഥാനങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും എന്നാൽ അവയുടെ പ്രഖ്യാപനം പിന്നീടുള്ള ഘട്ടത്തിൽ ഉണ്ടാകുമെന്നും പിപിപി മേധാവി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ പിന്തുണയിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സഖ്യമാണ് ഏറ്റവും അധികം സീറ്റുകൾ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷം നേടാൻ ഇവർക്ക് സാധിക്കാത്തതിനെ തുടർന്നാണ് പിപിപിയും പിഎംഎൽഎന്നും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചത്.