ന്യൂസിലൻഡിനും അമേരിക്കയ്ക്കും പിന്നാലെ ഓസ്ട്രേലിയയും കാനഡയും നയതന്ത്രതലത്തിൽ ബീജിങ് ഒളിമ്പിക്സ് ബഹിഷ്കരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് കാനഡ പിന്‍വാങ്ങുന്ന വിവരം അറിയിച്ചത്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ട്രൂഡോ പറഞ്ഞു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസനും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. കൂടുതൽ രാജ്യങ്ങൾ സമാന തീരുമാനമെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ച ചെയ്യാൻ ചൈനയുമായുള്ള നയതന്ത്ര ചാനലുകൾ വീണ്ടും തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മോറിസൻ പറഞ്ഞു. ഓസ്ട്രേലിയയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന നിലപാട് ചൈന സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്ലിങ്ങൾക്കെതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി നാലു മുതൽ 20 വരെ നടക്കുന്ന ബീജിങ് ശീതകാല ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ന്യൂസിലൻഡും തീരുമാനം അറിയിച്ചിരുന്നു. ജപ്പാനും പ്രതിനിധികളെ അയയ്ക്കില്ലെന്ന് തീരുമാനിച്ചതായി പേരുവെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാൻ ദിനപത്രമായ സൻകെയ് ഷിംബുൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഒളിമ്പികിസിൽ ഔദ്യോഗിക സാന്നിധ്യം പരിമിതപ്പെടുത്താനാണ് ബ്രിട്ടന്റെ തീരുമാനം.
ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനം രാഷ്ട്രീയ പ്രകോപനമാണെന്നും കായികമേഖലയെ രാഷ്ട്രീയവല്ക്കരിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചിരുന്നു.