‘ഞങ്ങൾ ഈ വേർതിരിവിനെ വെറുക്കുന്നു’: അഫ്​ഗാനില്‍ വനിതകളുടെ പ്രതിഷേധം

സ്ത്രീകളുടെ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നിർദേശങ്ങൾക്കെതിരെ അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം. ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബന്ധുവായ പുരുഷന്മാര്‍ ആരെങ്കിലും ഒപ്പമുണ്ടാകണമെന്നും ഹിജാബ് ധരിക്കണമെന്നുമാണ് ഇസ്ലാമിക് എമിറേറ്റ് വെർച്യു ആൻഡ് വൈസ് മന്ത്രാലയത്തിന്റെ പുതിയ മാര്‍​ഗനിർദേശം. യാത്രയ്‌ക്കിടെ പാട്ട് കേൾക്കുന്നതും നിരോധിച്ചു.

താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകളെ സമൂഹത്തിൽനിന്ന് അകറ്റിനിർത്തുകയാണെന്നും വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ അവകാശങ്ങൾ മാനിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അഫ്ഗാൻ സ്ത്രീകളെ അവഗണിക്കരുതെന്ന് പ്രതിഷേധക്കാർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

“സമൂഹത്തിൽ നിന്നും സ്ത്രീകളെ മുഴുവൻ അകറ്റാനാണ് താലിബാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ജോലി, സമൂഹ്യമായി ഇടപഴകലുകൾ എന്നിവ നിരോധിക്കുക എന്നാൽ ജയിലിന് സമാനമാണ്. ഞങ്ങൾ പട്ടിണികിടക്കുന്ന ജനങ്ങളുടെ ശബ്ദമാണ്. ഞങ്ങൾ ഉണർന്നിരിക്കുന്നു. ഞങ്ങൾ ഈ വേർതിരിവിനെ വെറുക്കുന്നു” പ്രതിഷേധക്കാർ പറഞ്ഞു.