തെക്കന്‍ ഫിലിപ്പൈന്‍സിലെ സ്വര്‍ണ്ണ ഖനന ഭൂമിയായ മസാര ഗ്രാമത്തില്‍ ഒരാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 68 ആയി. കഴിഞ്ഞ ചൊവ്വാഴ്ച മിൻഡാനാവോ ദ്വീപിലെ പർവതപ്രദേശമായ മസാര ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് ‘മഹാത്ഭുത’മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.
അതേസമയം 50 മീറ്റർ (164 അടി) ആഴമുള്ള പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടത്തിന്‍റെ നിരവധി ഫോട്ടോകളും വീഡിയോയും ഫിലിപ്പൈൻ റെഡ് ക്രോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ കൃത്രിമ ശ്വാസം നല്‍കിയ ശേഷം അടുത്തുള്ള മവാബ് മുനിസിപ്പാലിറ്റിയിലെ ആശുപത്രിയില്‍ എത്തിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ കാണാതായവര്‍ ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴും നിരവധി ആളുകള്‍ മണ്ണിനടിയിലാണ്.