അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം, നിരവധി പേർക്ക് പരിക്ക്

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്ക്മെനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ ബാദ്ഗിസ് പ്രവിശ്യയിൽ നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് കുട്ടികളുമാണ്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മലമ്പ്രദേശം ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും മരണസംഘ്യ കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യയിലെ മുഖർ ജില്ലയിലെ നിവാസികൾക്കും ഭൂകമ്പം നാശനഷ്ടങ്ങൾ വരുത്തി. എന്നാൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.