ഗാസയിൽ വൻ തീപിടുത്തം; 21 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ വന്‍ അപകടം. തീപിടുത്തത്തില്‍ ഏഴ് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജബാലിയയിലെ ക്യാംപിലാണ് തീപിടുത്തമുണ്ടായത്.

ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഒന്നാണ് ജബാലിയ. കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ ഗ്യാസോലിൻ സൂക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗാസ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നാല് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഒരു മണിക്കൂറിലധികം പരിശ്രമിക്കേണ്ടിവന്നു. കെട്ടിടത്തിൽ നിന്ന് ആളുകളുടെ നിലവിളി കേൾക്കുന്നുണ്ടെങ്കിലും തീയുടെ തീവ്രത കാരണം അകത്ത് കുടുങ്ങിയവരെ സഹായിക്കാനായില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടുത്തത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. തീ പിടിത്തത്തില്‍ മരണ സംഖ്യ ഇനിയും കൂടാമെന്ന് ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയച്ചു.