അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 മരണം, വ്യാപക നാശനഷ്ട്ടം

അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300-ലധികം ആളുകൾ മരിക്കുകയും 1,000-ത്തിലധികം വീടുകൾ നശിച്ചതായി യുഎൻ ഭക്ഷ്യ ഏജൻസി അറിയിച്ചു. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത എന്നാണു റിപ്പോട്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യുകയാണ്. വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിലാണ് കനത്ത മഴയുണ്ടായത്. ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു.

അതെ സമയം ബഗ്‌ലാനിൽ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായും വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരെ രക്ഷിച്ചതായും താലിബാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏപ്രിലിൽ കുറഞ്ഞത് 70 പേരെങ്കിലും മരിച്ചതായി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. രണ്ടായിരത്തോളം വീടുകൾക്കും മൂന്ന് പള്ളികൾക്കും നാല് സ്കൂളുകൾക്കും കേടുപാടുകൾ സംഭവിച്ചു. അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ 80 ശതമാനത്തിലേറെയും കർഷകരാണ്. അത് കൊണ്ട് തന്നെ കൃഷിനാശം വരുത്തി വെക്കുന്ന നഷ്ട്ടം ഭീമമായിരിക്കും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.

വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സാഹചര്യമാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്.