നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ, പിന്നാലെ വിമർശനവുമായി ഇസ്രായേൽ മാധ്യമം

ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന്‌ പിന്നാലെ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്‌ ഇസ്രയേലിൽ പതിനായിരങ്ങളുടെ പ്രതിഷേധറാലി. ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആഹ്വാനപ്രകാരം നടന്ന റാലിയിൽ വെടിനിർത്തലിന്‌ വഴങ്ങാത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമുയർന്നു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്‌ നാഷണൽ ലേബർ യൂണിയൻ തിങ്കളാഴ്‌ച ഏകദിന പൊതുപണിമുടക്കും പ്രഖ്യാപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലും വെടിനിർത്തൽ കരാർ ഉണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കെന്ന്‌ യൂണിയൻ ചെയർമാൻ അർനോൺ ബാർ ഡേവിഡ്‌ പറഞ്ഞു.

അതെ സമയം ബന്ദികളുടെ മരണത്തിൽ പ്രധാന പങ്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാണെന്ന രൂക്ഷ വിമർശനവുമായി ഇസ്രയേലി മാധ്യമം ഹാരറ്റ്‌സിന്റെ മുഖപ്രസംഗം. ഇസ്രയേലിന്റെ കാവൽക്കാരനെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന നെതന്യാഹുവിന്റെ ചരിത്രം രചിക്കപ്പെടുക ബന്ദികളുടെ ചോരയിലാകും. നെതന്യാഹു കാവൽക്കരനല്ല, കാലനാണെന്നും ‘ഇസ്രയേലി ജനത സത്യം തിരിച്ചറിയുന്ന നിമിഷം’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ കുറിച്ചു.

ഇസ്രയേലിലെ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ വൈറ്റ്‌ കോട്ട്‌സും നെതന്യാഹുവിനെതിരെ സമരപ്രഖ്യാപനവുമായി രംഗത്തുണ്ട്‌. പ്രതിപക്ഷ നേതാവ്‌ യായ്‌ർ ലാപിഡും നാഷണൽ യൂണിറ്റി പാർടിയുടെ തലവൻ ബെന്നി ഗാന്റ്‌സും സമരത്തിന്‌ പിന്തുണയറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം തെക്കൻ ഗാസയിൽ നിന്ന്‌ കണ്ടെടുത്തതായി ഇസ്രയേൽ സർക്കാർ അറിയിച്ചത്. റഫയിലെ ഭൂഗർഭ ടണലിൽ നിന്നാണ്‌ അമേരിക്കൻ പൗരനും രണ്ട്‌ സ്‌ത്രീകളും ഉൾപ്പെടെയുള്ളവരുടെ മൃതദേഹം കണ്ടെടുത്തത്‌. സൈന്യം പ്രദേശത്തെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ ബന്ദികളെ ഹമാസ്‌ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ഇസ്രയേൽ പ്രതിനിധി അവകാശപ്പെട്ടു.