കോവിഡ് പടര്‍ന്നത് വുഹാനിലെ ലാബില്‍ നിന്നല്ല, ആരോപണം തള്ളി ലോകാരോഗ്യ സംഘടന വിദഗ്ദ സംഘം

ആഗോളമഹാമാരിയായി മാറിയ കോവിഡ് ചൈനയിലെ ലാബില്‍ നിന്നാണ് പടര്‍ന്നതെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന. രോഗ വ്യാപനത്തിന്റെ ഉത്ഭവം പഠിക്കാന്‍ ചൈനയില്‍ എത്തിയ പ്രത്യേക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസുകള്‍ വവ്വാലുകളില്‍ നിന്നോ ശീതികരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നോ ആകാം ആദ്യം പടര്‍ന്നതെന്നും സംഘം വിലയിരുത്തി. വന്യ ജീവീകളുടെ ശീതികരിച്ചമാംസം വിറ്റിരുന്ന നിരവധി ആളുകള്‍ വുഹാനിലെ ചന്തയില്‍ ഉണ്ടായിരുന്നു. ഇവിടെ ഉള്ളവര്‍ക്കായിരിക്കാം ആദ്യം രോഗം പിടിപെട്ടതെന്നാണ് സംഘത്തിന്റെ നിഗമനം. വൈറസ് പുറത്ത് ചാടിയെന്ന് ആരോപിക്കപ്പെടുന്ന വുഹാനിലെ ലാബിലും കടല്‍ വിഭവ ചന്തയിലും സംഘം നേരിട്ടെത്തി പരിശോധന നടത്തി. വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ സംഘത്തിന്റെ തലന്‍ പീറ്റര്‍ ബെന്‍ എമ്പറാക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് – 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലടക്കം നേരിട്ടെത്തി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ സംഘത്തിലുണ്ടായിരുന്നു. വുഹാനില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഡിസംബര്‍ 19ന് മുന്‍പ് തന്നെ വൈറസ് മറ്റിടങ്ങളിലേക്കും പടര്‍ന്നിരിക്കാമെന്ന് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ലിയാങ് വാനിയന്‍ പറഞ്ഞു. ചൈനയിലെ വുഹാനിലെ പരീക്ഷണശാലയില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വൈറസാണ് രോഗം പടര്‍ത്തിയതെന്ന പ്രചരണം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ഈ ആക്ഷേപം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് – 19 ലോകമാകെ എത്താന്‍ കാരണക്കാരായ ചൈനയെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിലെത്തി വൈറസിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. അന്വേഷണ സംഘത്തിന് രാജ്യത്ത് പരിശോധന നടത്താന്‍ അനുമതി നിഷേധച്ച ചൈന പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അന്വേഷണ സംഘവുമായി ചൈന പൂര്‍ണമായും സഹകരിച്ചെന്ന് സംഘം വാര്‍ത്താ സമ്മേളനത്തില്‍ സംഘം വ്യക്തമാക്കി.