• inner_social
  • inner_social
  • inner_social

മാസ്സ് ആക്‌ഷൻ ത്രില്ലറുമായി സേനാപതിയുടെ രണ്ടാം വരവ്; ഇന്ത്യൻ 2 ട്രെയ്‌ലർ

കമൽഹാസൻ- ശങ്കർ ടീമിന്റെ വിഖ്യാത ചിത്രം ഇന്ത്യന്റെ രണ്ടാം പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഉലക നായകന്റെ ഐക്കോണിക് കഥാപാത്രമായ സേനാപതിയായി വീണ്ടും എത്തുന്ന ചിത്രത്തിന് ഇന്ത്യൻ 2 എന്നാണു പേരിട്ടിരിക്കുന്നത്. ജൂലൈ 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. ചെന്നൈയിൽ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ട്രെയ്‌ലർ ലോഞ്ചിങ്. സംവിധായകൻ ഷങ്കർ, കമൽഹാസൻ, ബോബി സിംഹ, സിദ്ധാർഥ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരുൾപ്പടെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ചെന്നൈയിൽ നടന്ന ട്രെയിലർ സ്‌ക്രീനിങ്ങിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. രണ്ട് മിനുട്ട് 36 സെക്കന്‍റ് ട്രെയിലറാണ് പുറത്തിറക്കിയത്. വിത്യസ്ത ഗെറ്റ് അപ്പുകളിൽ കമൽഹാസൻ എത്തുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്നാണു ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്. ഇപ്പോള്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. താത്ത വരാര്‍ അടക്കം ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. മലേഷ്യയില്‍ അടക്കം ഇന്ത്യന്‍ 2 ഐമാക്സില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതുവരെ കമല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ലൊക്കേഷനുകളിലും ഇത്തവണ റിലീസുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ 2 വിദേശ വിതരണ അവകാശങ്ങള്‍ 65 കോടിക്കാണ് വിറ്റുപോയത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.

വീഡിയോ കാണാം