• inner_social
  • inner_social
  • inner_social

Video- വിക്കറ്റോ നോബോളോ? കയര്‍ത്ത് കോഹ്ലി; ഫീൽഡ് അമ്പയറുടെ തീരുമാനം വിവാദത്തിൽ

ഐപിഎൽ 2024ൽ ഇന്ന് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽ വിവാദമായി വിരാട് കോഹ്ലിയുടെ പുറത്താകൽ. കൊൽക്കത്ത മുന്നോട്ട് വെച്ച 223 റൺസ് വിജയലക്ഷ്യം പിന്തുടരവെ മികച്ച തുടക്കം നേടി മടങ്ങിയ കോഹ്ലിയുടെ നോബോളിലാണോ പുറത്തായത് എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിക്കറ്റാണെന്ന് മൂന്നാം അംപയർ പരിശോധനയിൽ ഉറപ്പിച്ചപ്പോൾ ഫീൽഡ് അംപയറുമായി തർക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോഹ്ലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തൽസമയം ആരാധകർ കണ്ടു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി തെളിയിച്ചിട്ടുണ്ട്.

ആർസിബി ഇന്നിംഗ്‌സിൽ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ആണ് കോഹ്ലി നാടകീയമായി പുറത്തായത്. അരയ്‌ക്കൊപ്പം ഉയർന്നുവന്ന റാണയുടെ ഹൈ-ഫുൾടോസ് സ്ലോ ബോളിൽ ബാറ്റ് വെച്ച കോഹ്ലി അനായാസം റിട്ടേൺ ക്യാച്ചായി. നോബോൾ സാധ്യത മനസിൽ കണ്ട് റിവ്യൂ എടുത്തു. കോഹ്ലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോൾ ട്രാക്കിംഗിലൂടെ മൂന്നാം അംപയർ ഉറപ്പിച്ചു. എന്നാൽ പന്ത് നോബോളാണ് എന്നുപറഞ്ഞ് ഫീൽഡ് അംപയറുമായി തർക്കിച്ച കോഹ്ലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി, ബൗണ്ടറി ലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടുതൽ കുപിതനാകുന്നതും വീഡിയയിൽ കാണാം.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു റൺസിൻറെ നാടകീയ തോൽവി വഴങ്ങി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ 221 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.