• inner_social
  • inner_social
  • inner_social

VIDEO-‘ഒരു മനുഷ്യൻ തലയുയർത്താതിരിക്കാൻ രാജ്യദ്രോഹിയാക്കിയാൽ മതി’; റോക്കട്രി പുതിയ ട്രെയിലർ

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന സിനിമയുടെ പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തു. സൂര്യ ഉൾപ്പടെയുന്ന രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്. നമ്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആർ. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് കൃത്രിമമായി ഉപയോഗിച്ചിട്ടുള്ളത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ജീവിതം തന്നെ പോരാട്ടമാക്കിയ, തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്വം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ കാണുവാനുള്ള ആകാംക്ഷയിൽ ആണ് മലയാളി പ്രേക്ഷകരും. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ റോക്കട്രി: ദി നമ്പി ഇഫക്ട് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു.