റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. പുറത്തു വന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് സെലെന്‍സ്‌കി പ്രതികരിച്ചത്. റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ലെന്നാണ് സെലന്‍സ്‌കിയുടെ പുതിയ വിഡിയോ സന്ദേശം. ”ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും”- സെലന്‍സ്‌കി പറയുന്നു. ഔദ്യോഗിക വസതിക്കു മുന്നില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
ശനിയാഴ്ച രാവിലെ തലസ്ഥാമായ കീവില്‍ ആക്രമണങ്ങള്‍ തുടരുന്ന റഷ്യക്കെതിരെ തയ്യാറെടുക്കാന്‍ സെലെന്‍സ്‌കി പൗരന്മാരോട് വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. കീവിലെ തെരുവുകളില്‍ പോരാട്ടം തുടരുന്ന സാഹചര്യങ്ങളില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രൈൻ സൈന്യത്തോട് രാജ്യത്തെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചകള്‍ നടത്താനുള്ള കീവിന്റെ വാഗ്ദാനം ക്രെംലിന്‍ അംഗീകരിച്ചു. അതേസമയം യുക്രെയ്നെതിരെയുള്ള റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം റഷ്യ വെള്ളിയാഴ്ച വീറ്റോ ചെയ്തു. പതിനൊന്ന് അംഗരാജ്യങ്ങള്‍ പ്രമേയത്തിന് വോട്ട് ചെയ്തു, ഇന്ത്യ, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.