• inner_social
  • inner_social
  • inner_social

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കിടക്കയില്‍ റെസ്ലിങ്! ലങ്കന്‍ പ്രക്ഷോഭകരുടെ വീഡിയോ വൈറൽ

ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം പാചകം ചെയ്തു കഴിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാജിവെച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുകയാണ്.

ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കയറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഡബ്ല്യുഡബ്ല്യുഇ ശൈലിയില്‍ പ്രധാനമന്ത്രിയുടെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതാണ് വീഡിയോ. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച് ഒരാള്‍ എതിരാളിയെ കീഴടക്കുന്നതും കൈകളുയര്‍ത്തി വിജയം ആഘോഷിക്കുന്നതും കാണാം.

അതെ സമയം സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്കയെ അരക്ഷിതാവസ്ഥയിലേക്ക്‌ നയിച്ചത്‌. ഏകദേശം 5100 കോടി ഡോളറിന്റെ കടം രാജ്യത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശ്യവസ്തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. കടമെടുത്ത തുകയോ പലിശയോ തിരികെ നല്‍കാനുമാകുന്നില്ല. 2019 അവസാനത്തോടെ രാജ്യത്ത്‌ 760 കോടി ഡോളർ വിദേശനാണ്യ ശേഖരം ഉണ്ടായിരുന്നത്‌ 2020 മാർച്ച്‌ ആയപ്പോഴേക്കും 193 കോടി ഡോളറായി കുറഞ്ഞു. ഈ കുറവ് പരി​ഹരിക്കണമെങ്കില്‍ ഏകദേശം 400 കോടി ഡോളറെങ്കിലും കണ്ടെത്തേണ്ടതായിട്ടുണ്ട്. പണപ്പെരുപ്പം 50 ശതമാനമാണ് ജൂണില്‍ ഉയര്‍ന്നത്. ജൂലൈയിലോ ആ​ഗസ്തിലോ ഇടക്കാല ബജറ്റുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ജനത.