• inner_social
  • inner_social
  • inner_social

VIDEO-മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം; ധാരണാപത്രത്തിൽ ഒപ്പുവച്ച് മുഖ്യമന്ത്രി

കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു.

കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500ലധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർഥികളെ റിക്രൂട്ടുചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോർക്ക റൂട്ട്‌സ്.

ജർമനിയിൽ നഴ്‌സിംഗ് ലൈസൻസ് ലഭിച്ച് ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷാ വൈദഗ്ദ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും ആവശ്യമാണ്. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് ജർമനിയിൽ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാൽ നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത നേടി ജർമനിയിൽ എത്തിയതിനു ശേഷം ബി2 ലെവൽ യോഗ്യത കൈവരിച്ചാൽ മതിയാകും. ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവർക്ക് ഗൊയ്‌തെ സെൻട്രം (Goethe Centram) മുഖേന ജർമൻ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും.

ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും കോൺസിലർ ജനറൽ അച്ചിം ബുർക്കാർട്ടും ധാരണപത്രം കൈമാറി. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, നോർക്ക റൂട്സ് ജനറൽ മാനേജർ അജിത് കോളശ്ശേരി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വീഡിയോ കാണാം