ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ഡിസംബർ 19 ന് ക്രിസ്മസ് റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നിറയെ ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രമാകും റൈഫിൾ ക്ലബ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു ഡാർക്ക് മൂഡ് ആണ് ട്രെയിലർ നൽകുന്നത്.
ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിൽ സുപ്രധാന കഥാപാത്രമായെത്തുന്ന വാണി വിശ്വനാഥിന് പുറമെ പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൂടാതെ സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, വിഷ്ണു ആഗസ്ത്യ, ഉണ്ണിമായ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ.