അമേരിക്കന്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ എഡ്വേര്‍ഡ് ഒ വില്‍സണ്‍ (92) അന്തരിച്ചു. ഇ.ഒ. വില്‍സണ്‍ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷനാണ് മരണ വിവരം പുറത്തുവിട്ടത്. ആധുനിക ലോകത്തിന്റെ ചാള്‍സ് ഡാര്‍വിന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഫിറമോണ്‍ എന്ന രാസ പദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയ വിനിമയം നടത്തുന്നത് എന്ന് കണ്ടെത്തി. ചെറു പ്രായത്തിൽ തന്നെ ചെറു ജീവികളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന അദ്ദേഹം കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എന്റമോളജി രംഗത്തേക്ക് ആകൃഷ്ടനായി. എന്റമോളജിയിൽ തന്നെ ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉപശാഖയായ മിർമെക്കോളജിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം നാനൂറോളം ഇനം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
പ്രാണികളുടെ മാത്രമല്ല, പക്ഷികളുടെയും മനുഷ്യരുടെയും സാമൂഹിക ഇടപെടലുകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തി. സാമൂഹ്യ ജീവശാസ്ത്രം എന്നറിയപ്പെടുന്ന ഒരു പുതിയ ശാസ്ത്രശാഖ സ്ഥാപിച്ചു. ലിംഗഭേദം, ഗോത്രവര്‍ഗ്ഗം, പുരുഷ മേധാവിത്വം, രക്ഷാകര്‍തൃശിശു ബന്ധം എന്നിവയ്ക്കിടയിലുള്ള തൊഴില്‍ വിഭജനങ്ങള്‍ക്കെതിരെ പ്രതികരിച്ച വ്യക്തികൂടിയാണിദ്ദേഹം. രണ്ട് തവണ പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ അദ്ദേഹം ദ സോഷ്യൽ കൺക്വസ്റ്റ് ഒഫ് എർത്ത്, ലെറ്റേഴ്സ് ടു എ യംഗ് സയന്റിസ്റ്റ്, ദ മീനിംഗ് ഒഫ് ഹ്യൂമൻ എക്സിസ്റ്റൻസ് തുടങ്ങിയ മുപ്പതിലേറെ പുസ്തകങ്ങളും 430 ഓളം ശാസ്ത്രപഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.