US
  • inner_social
  • inner_social
  • inner_social

‘റഷ്യ കണക്ക് പറയേണ്ടി വരും’; യുക്രൈനില്‍ സൈനിക നീക്കത്തിനെ അപലപിച്ച് ജോ ബൈഡൻ

യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നാണ് ബൈഡന്‍റെ പരാമര്‍ശം. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു.

പുട്ടിന്‍ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാന്‍ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും – ജോ ബൈഡന്‍ പറഞ്ഞു. ലോകത്തിന്‍റെ മുഴുവൻ പ്രാർഥനയും യുക്രൈന്‍ ജനതക്കൊപ്പമാണ്. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്‍റ് പുടിൻ തെരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങൾക്കും വഴിവെക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം ഇന്ന് രാവിലെ ഉക്രെയ്‌നിലെ ബോറിസ്പില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുദ്ധഭീതിയില്‍ യുക്രൈനില്‍ നിന്നും രക്ഷപ്പെടാനായി ആയിരക്കണക്കിന് പേര്‍വിമാനത്താവളത്തിലെത്തിയിട്ടണ്ടെന്നാണ് വിവരം.