വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ നിലപാടിൽ വിശദീകരണവുമായി പത്രമുടമ ജെഫ് ബെസോസ്. “അമേരിക്കയിൽ വ്യവസ്ഥാപിത മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണ്, പത്രത്തിന്റെ പിന്തുണപ്രഖ്യാപനം ആരേയും സ്വാധീനിക്കുന്നില്ല എന്നു മാത്രമല്ല പത്രത്തിന് പക്ഷപാതിത്വം ഉണ്ടെന്ന് തോന്നലുണ്ടാക്കുകയും ചെയ്യുന്നുണ്ട്’ ജെഫ് ബെസോസ് പറഞ്ഞു.
പത്രത്തിൻ്റെ എഡിറ്റോറിയൽ ടീം നേരത്തെ ഡെമോക്രാറ്റിക് നോമിനി കമല ഹാരിസിനെ അംഗീകരിക്കാൻ തയ്യാറായിരുന്നു, എന്നാൽ സ്ഥാനാർഥികളെയും പാർട്ടിയെയും അംഗീകരിക്കാനും പിന്തുണയ്ക്കാനുമുള്ള പൂർണ്ണ അവകാശം വായനക്കാരന് നൽകുന്നുവെന്ന കുറിപ്പോടെ ഒക്ടോബർ 25 ന് മുഖ്യ പ്രസാധകൻ വിൽ ലൂയിസ് വാഷിംഗ്ടൺ പോസ്റ്റിന്റെ പുതിയ നിലപാട് എഡിറ്റോറിയൽ പേജിലൂടെ വ്യക്തമാക്കി. ഈ നീക്കത്തിന് പിന്നിൽ ജെഫ് ബെസോസ് ആണ്. എന്നാൽ ജെഫ് ബെസോസിന് തീരുമാനത്തെ തുടർന്ന് വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ബ്ലൂ ഒറിജിൻ സിഇഒ ഡേവ് ലിംപും ഒക്ടോബർ 25 ന് നടത്തിയ കൂടിക്കാഴ്ചയുമായി തീരുമാനത്തിന് ബന്ധമില്ലെന്ന് ജെഫ് ബെസോസ് പ്രതികരിച്ചു. നിഷ്പക്ഷത കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വാട്ടർഗേറ്റ് അഴിമതി അടക്കം പുറത്ത് കൊണ്ടുവന്ന അമേരിക്കയിലെ മികച്ച പത്രസ്ഥാപനങ്ങളിലൊന്നാണ് വാഷിംഗ്ടൺ പോസ്റ്റ്. മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് വാട്ടർ ഗേറ്റ് അഴിമതിയേ തുടർന്നാണ് രാജി വച്ച് ഒഴിയേണ്ടി വന്നത്.