യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ് വിജയമുറപ്പിച്ചിരിക്കുകയാണ്. വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനേയും വാനോളം പുകഴ്ത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡി വാന്‍സ് വൈസ് പ്രസിഡന്റ് ആകുന്നതോടെ അമേരിക്കയുടെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ് മാറും. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണിവര്‍.
ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി സജീവമായി രംഗത്തിറങ്ങി. ആന്ധ്രപ്രദേശിലെ വട്‌ലൂർ സ്വദേശികളാണ് ഉഷയുടെ മാതാപിതാക്കൾ. 1986ലാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. ബാല്യം സാൻഫ്രാൻസിസ്‌കോയിൽ. കേംബ്രിഡ്‌ജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടി. പിന്നീട് യേൽ ലോ സ്‌കൂളിൽ നിയമപഠനം. ജെ ഡി വാൻസിനെ പരിചയപ്പെട്ടത് അവിടെവച്ച്. 2014ൽ വിവാഹം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്.
സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഉഷ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തരബിരുദം സ്വന്തമാക്കിയത്. നിയമമേഖലയില്‍ തന്റേതായ കരിയര്‍ പടുത്തുയര്‍ത്തിയ ഉഷ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.