അവിശ്വസനീയമായ തിരിച്ചുവരവുമായി ഡൊണാൾഡ് ട്രംപ്, പോരാട്ടം തുടരുമെന്ന് കമല ഹാരിസ്

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവിലാണ് ഡോണള്‍ഡ് ട്രംപ്. എല്ലാ സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. 2016ൽ ആദ്യം യുഎസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനകീയ വോട്ടിൽ എതിരാളി ഹിലരി ക്ലിന്റനെക്കാൾ 29 ലക്ഷത്തോളം വോട്ടിന്‌ പിന്നിലായിരുന്ന ട്രംപ്‌ ഇത്തവണ ആ കുറവും തിരുത്തി. ജനകീയ വോട്ടിലും യഥാർഥത്തിൽ അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജിലും ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി കമല ഹാരിസിനെ ബഹുദൂരം പിന്നിലാക്കിയാണ്‌ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായ ട്രംപിന്റെ അനിഷേധ്യവിജയം.

അതെ സമയം തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിരാശരാകാതെ രാജ്യത്തിനായി പോരാട്ടം തുടരണമെന്ന് കമല ഹാരിസ് അനുയായികളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും കമല നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പോരാടുമെന്നും വാഷിങ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച കമല പറഞ്ഞു.

അതെ സമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ സ്ഥാനമാറ്റത്തിനുള്ള പ്രക്രിയകൾ വൈറ്റ് ഹൗസിൽ സജീവമായിത്തുടങ്ങി. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.