US
  • inner_social
  • inner_social
  • inner_social

കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസം; എച്ച്‌1 ബി വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശങ്ങൾ

യു എസ്സിൽ ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് അടക്കമുള്ള കമ്പനികളിലെ വലിയ തോതിലുള്ള പിരിച്ചു വിടലുകൾ കുടിയേറ്റക്കാർക്ക് വൻ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട എച്ച്‌1 ബി തൊഴിൽ വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശവുമായി അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് രംഗത്ത് വന്നിരിക്കയാണ്. ഒരു വർഷത്തെ തൊഴിൽ അംഗീകാരരേഖയ്ക്ക്‌ അപേക്ഷിക്കാമെന്ന നിർദേശമാണ്‌ പുറത്തിറക്കിയത്‌. 

അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ പുതിയ മാർഗരേഖ പ്രകാരം ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട വിസ ഉടമകൾക്ക് 60 ദിവസത്തെ താമസത്തിനു ഇളവ് ലഭിക്കും. വിസ കാലാവധി അവസാനിച്ച് 60 ദിവസത്തിനു ശേഷം പുതിയ നോൺ -എമിഗ്രന്റ് വിസ വിഭാഗത്തിന് അപേക്ഷിക്കാൻ അനുമതിയുണ്ട്. ഇക്കാലയളവിൽ ഗ്രീൻ കാർഡിനും അപേക്ഷിക്കാം. യുഎസിൽ ജോലി ചെയ്യുന്നതിനുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നാണ് യുഎസ് എച്ച് 1 ബി വിസ. ഒരു സ്പെഷ്യലിസ്റ്റ് ജീവനക്കാരന് വേണ്ടി ഒരു തൊഴിലുടമ അപേക്ഷിക്കേണ്ട ഒരു വിസയാണിത്. വിസ അനുവദിക്കുന്നത് സ്പെഷ്യലിസ്റ്റുകൾക്ക് ആയതിനാൽ, സാധാരണയായി അപേക്ഷകർ കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം നേടിയവരും ഐടി, ഫിനാൻസ്, ആർക്കിടെക്ചർ, മെഡിസിൻ, സയൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരുമാണ്.

H-1B വിസയുടെ പുതിയ പ്രക്രിയ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏറെ ഗുണം ചെയ്യും. അവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരായിരിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. 2022ൽ യുഎസ് സർക്കാർ 4.42 ലക്ഷം പേർക്ക് എച്ച്-1ബി നൽകിയിരുന്നു. ഇതിൽ 73 ശതമാനവും ഇന്ത്യക്കാരായിരുന്നു.