ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെറഫി എഡ്വേര്‍ഡ് എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതോടെ യു എസ്സിൽ പുതിയ വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ജെഫ്രി എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ടു പുറത്തു വന്ന കോടതി രേഖകളില്‍ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റന്‍, മൈക്കിള്‍ ജാക്‌സണ്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ് തുടങ്ങി ലോകത്തിലെ പല ഉന്നതന്മാരുടെയും പേരുകള്‍ ഉൾപ്പെട്ടിട്ടുള്ളതായാണ് വാർത്തകൾ പുറത്ത് വരുന്നത്.
മുന്‍ ബ്രിട്ടീഷ് സോഷ്യലിസ്റ്റും എപ്‌സ്റ്റെയ്‌ന്റെ കാമുകിയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൂട്ടു പ്രതിയുമായ ഗിലെയ്ന്‍ മാക്‌സ്‌വെല്ലിനെതിരേ, വെര്‍ജീനിയ ജ്യൂഫ്രെ നല്‍കിയ കേസില്‍ സമര്‍പ്പിക്കപ്പെട്ട കോടതി രേഖകളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. എപ്‌സ്റ്റെയ്ന്‍ ഇരയാക്കിയവരില്‍ ഒരാളാണ് ജ്യൂഫ്രെ. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചതടക്കമുള്ള കേസുകളില്‍ ഗിലെയ്ന്‍ മാക്‌സ്‌വെല്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എപ്‌സ്റ്റെയെന് എത്തിച്ചുകൊടുത്തിരുന്നതെന്നാണ് കണ്ടെത്തിയത്. ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പേരുകാരാണ് അന്‍ഡ്രൂ രാജകുമാരനും ബില്‍ ക്ലിന്റനും ജാക്‌സണുമെല്ലാം. ഈ പേരുകള്‍ പരസ്യപ്പെടുത്തുന്നതിനു മുമ്പ് കോടതി രേഖകളില്‍ ഇവരെ വ്യാജ നാമങ്ങളാലായിരുന്നു പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഈ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട എല്ലാവരും തന്നെ എപ്‌സ്റ്റെയ്‌നുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റക്കാരല്ലെന്നാണ് നിയമ ഉദ്യോഗസ്ഥര്‍ പറയുന്നത്.
2019-ൽ മരിച്ച ജെറഫി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കേസിലെ ആയിരത്തോളം പേജുകളുള്ള രേഖകളാണ് ന്യൂയോര്‍ക്ക് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൊറേറ്റ പ്രെസ്‌കയുടെ ഉത്തരവ് പ്രകാരം പരസ്യപ്പെടുത്തുന്നത്.അമേരിക്കയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജെഫ്രിക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍. 2000-ല്‍ തന്റെ പതിനാലുകാരിയായ മകളെ ജെഫ്രി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഫ്‌ലോറിഡ സ്വദേശിനി നല്‍കി പരാതിയാണ് ജെഫ്രിയെ കുടുക്കിയതും ജീവിതാവസനം വരെ ജയിലില്‍ കഴിയേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതും.പിന്നീട്, ഫ്‌ലോറിഡയും ന്യൂയോര്‍ക്കും കേന്ദ്രീകരിച്ച് ഇയാള്‍ കുട്ടികളെ ലൈംഗിക ജോലിക്ക് ഉപയോഗിച്ചതും സെക്‌സ് ട്രാഫിക്കിങ് നടത്തിയതും അടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ എടുത്തു. ഈ കേസുകളിലാണ്, പല പ്രമുഖരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ ജെഫ്രിയുടെ സഹായികള്‍ നടത്തിയത്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുവഭിച്ചുവരവേ, 2019 ഓഗസ്റ്റ് പത്തിനാണ് ജെഫ്രിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.