ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു എസ്. വിഷയം ഗുരുതരമാണെന്നും ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യുകയാണെന്നും ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റൻ്റ് വിദേശകാര്യം സെക്രട്ടറി ഡൊണാൾഡ് ലു മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യയും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഗുർപത്വന്ത് സിങ് പന്നു. സിഖുകൾക്ക് മാത്രമായി ഖലിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിക്കണമെന്ന് ഗുർപത്വന്ത് സിംഗ് പന്നു ആവശ്യപ്പെട്ടിരുന്നു. 2020ൽ ഗുർപത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. യുഎപിഎ നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ഇത് പ്രകാരം ഇക്കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവും കണ്ടു കെട്ടിയിരുന്നു. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഗുർപത്വന്ത് സിങ് പന്നു.
അമേരിക്ക- കാനഡ ഇരട്ടപൗരത്വമുളളയാളാണ് ഗുര്‍പത്വന്ത് സിംഗ് പന്നു. ഇയാളെ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ന്യൂയോര്‍ക്കില്‍ ശ്രമമുണ്ടായെന്ന് നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്തക്കെതിരായ തെളിവുകള്‍ യു എസ് അധികൃതർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഗുര്‍പത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം നിഖില്‍ ഗുപ്ത പ്രവര്‍ത്തിച്ചതായാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതായും ആരോപിക്കുന്നു.