യുക്രൈനിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കുമെന്ന ഭീതിയിൽ കീവിലെ എംബസി അടച്ച് യുഎസ്. എംബസി ജീവനക്കാർക്ക് അവധി നൽകിയ യു എസ് , യുക്രൈനിലെ പൗരൻമാരോട് ബോംബ് ഷെൽട്ടറിൽ കഴിയാനും നിർദേശം നൽകി. നിലവിലെ യുദ്ധ സാഹചര്യത്തില്‍ വളരെയധികം ജാഗ്രത വേണമെന്ന് പൗരന്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. കീവിലെ എംബസി അടച്ചുപൂട്ടും, ജീവനക്കാരോട് അഭയം പ്രാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കോണ്‍സുലര്‍ അഫയേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.
റഷ്യക്ക് അകത്ത് എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം യുക്രൈന് യുഎസ് അനുമതി നൽകിയിരുന്നു. തുടർന്ന് ആണവായുധ നയത്തിൽ റഷ്യ മാറ്റം വരുത്തി. ആണവായുധമില്ലാത്ത ഏതെങ്കിലും രാജ്യം ആണവായുധമുള്ള രാജ്യത്തിൻ്റെ പിന്തുണയോടെ റഷ്യയെ ആക്രമിക്കുകയാണെങ്കിലും റഷ്യക്ക് ആണവായുധം ഉപയോഗിക്കാമെന്നാണ് പുതിയ നയം പറയുന്നത്. ഇതിന് തൊട്ട് മുമ്പായി യുഎസ് നൽകിയ പുതിയ മിസൈൽ പടിഞ്ഞാറൻ റഷ്യയിലെ സൈനികത്താവളത്തിന് നേരെ യുക്രൈൻ ഉപയോഗിക്കുകയും ചെയ്തു. പുതിയ നയം പ്രാബല്യത്തിൽ വന്നതിനാൽ റഷ്യ ഇനി എന്തു ചെയ്യുമെന്നാണ് യുഎസ് ഉറ്റുനോക്കുന്നത്.