അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ മുൾമുനയിലാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും ബുധൻ വൈകിട്ടോടെ പ്രതിനിധിസഭയിലെ 435ൽ 220 സീറ്റും റിപ്പബ്ലിക്കന്മാർ നേടി. ഡെമോക്രാറ്റുകൾ 215 ഇടത്ത് ജയിച്ചു. ഇതോടെ പ്രതിനിധിസഭയിൽ റിപ്പബ്ലിക്കന്മാർക്ക് വ്യക്തമായ മുൻകൈയായി. 218 സീറ്റാണ് ഭൂരിപക്ഷം. ഇതുവരെ കോണ്‍ഗ്രസിന്റെയും വൈറ്റ് ഹൗസിന്റെയും സമ്പൂര്‍ണ നിയന്ത്രണം ആസ്വദിച്ചിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ജനുവരിയിൽ പുതിയ കോൺഗ്രസ് നിലവിൽ വരുമ്പോൾ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്ക് പകരം റിപ്പബ്ലിക്കൻ സ്പീക്കർ വരും. റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിനിധി സഭയെ കൈപ്പിടിയിലാക്കിയതോടെ ബൈഡന്റെ പല നയങ്ങളെയും തടയാൻ റിപ്പബ്ലിക്കന്മാർക്കാകും.
36 അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇതിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. പ്രസിഡൻറ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് ആകും.
സെനറ്റിലെ 100ൽ 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ റിപ്പബ്ലിക്കന്മാർക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റുമാണുള്ളത്. രണ്ട് സ്വതന്ത്രർ ഭരണകക്ഷിക്കൊപ്പമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. എന്നാൽ, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ നിലനിർത്തുമെന്നാണ് വിലയിരുത്തൽ. ജോർജിയ, അരിസോണ, വിസ്‌കോസിൻ, നെവദ എന്നിവയിൽ രണ്ടെണ്ണമെങ്കിലും നേടാനായാൽ ഡെമോക്രാറ്റുകൾക്ക് സ്ഥിതിഗതികൾ എളുപ്പമാകും. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിൽ കാര്യമായ റിപ്പബ്ലിക്കൻ മുന്നേറ്റം ഉണ്ടായില്ല.