കമല ഹാരിസിന് വോട്ടുപിടിക്കാന്‍ എ.ആര്‍ റഹ്‌മാന്‍; 30 മിനിറ്റ് വെര്‍ച്വല്‍ കണ്‍സേര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. 30 മിനിറ്റ് നീളുന്ന മ്യൂസിക് വീഡിയോയാണ് എ ആര്‍ റഹ്‌മാന്‍ കമലയ്ക്ക് വേണ്ടി ഒരുക്കിയത്. ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്‍ഡര്‍ (എ.എ.പി.ഐ.) വിക്ടറി ഫണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയെ പിന്തുണയ്ക്കുന്ന സംഘടനയാണിത്.

കമലയ്ക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട ദക്ഷിണേഷ്യന്‍ കലാകാരനാണ് എ.ആര്‍. റഹ്‌മാന്‍. അമേരിക്കയുടെ പ്രാതിനിധ്യത്തിനും പുരോഗതിക്കുംവേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് റഹ്‌മാന്റേതെന്ന് എ.എ.പി.ഐ. ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ പറഞ്ഞു. വീഡിയോയില്‍ എ ആര്‍ റഹ്‌മാന്റെ പ്രശസ്തമായ പാട്ടുകളോടൊപ്പം കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വവും എഎപിഐ കമ്മ്യൂണിറ്റിയോടുള്ള കമലയുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു. എ ആര്‍ റഹ്‌മാനും ഇന്ത്യാസ്‌പോറ സ്ഥാപകന്‍ എം ആര്‍ രംഗസ്വാമിയുമുള്ള വീഡിയോയുടെ ടീസര്‍ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

നേരത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണ അറിയിച്ച് അമേരിക്കൽ പോപ് ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ് രംഗത്ത് വന്നിരുന്നു. ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദത്തിന് പിന്നാലെയാണ് ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ അവർ, ‘യോദ്ധാവ്’ എന്നായിരുന്നു കമലയെ വിശേഷിപ്പിച്ചത്. നവംബർ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.