അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണം കാണിച്ചതോടെ ബൈഡന്‍ ക്വാറന്റൈനിലേക്ക് മാറുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡെലവേറിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് ക്വാറന്റൈന്‍.മൂക്കൊലിപ്പ്, ചുമ, സാധാരണമായ മറ്റ് അസ്വസ്ഥകള്‍ എന്നിവയോടൊപ്പം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും ബൈഡന്‍ പ്രകടിപ്പിച്ചതായി പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഡോക്ടർ ഡോ കെവിൻ ഒകോണറും വ്യക്തമാക്കുന്നു. ആൻറിവൈറൽ മരുന്നായാ പാക്സ്ലോവിഡാണ് അദ്ദേഹത്തിന് നല്‍കുന്നത്. ഇതിനകം തന്നെ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി കഴിഞ്ഞു.
“ഇന്ന് ഉച്ചതിരിഞ്ഞ് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുന്നു. സുഖം പ്രാപിക്കുന്നത് വരെ ഞാൻ ക്വാറന്റൈനിൽ കഴിയും. ഈ സമയത്തും അമേരിക്കൻ ജനതയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരും,” ജോ ബൈഡന്‍ എക്സില്‍ കുറിച്ചു. യുണിഡോസ് യുഎസ് പ്രസിഡൻ്റും സിഇഒയുമായ ജാനറ്റ് മുർഗിയാണ് ബൈഡൻ്റെ രോഗനിർണയത്തിൻ്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്. കോവിഡ് പോസിറ്റീവ് ടെസ്റ്റ് ഫലം കാരണം ലാസ് വെഗാസിൽ നടക്കുന്ന ഓർഗനൈസേഷൻ്റെ കൺവെൻഷനിൽ പങ്കെടുക്കാന്‍ പ്രസിഡന്റിന് സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.