തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ സുപ്രീംകോടതിയുടേതാണ് നിർണായക ഉത്തരവ്. 2021 ജനുവരിയിലെ കാപ്പിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കലാപത്തിലോ അതിക്രമങ്ങളിലോ ഉൾപ്പെടുന്നവർ അധികാരത്തിലെത്തുന്നത് തടയുന്ന അമേരിക്കൻ ഭരണഘടനയിലെ വ്യവസ്ഥ അനുസരിച്ചാണ് നടപടി. വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാൽ കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ൽ ബൈഡൻ 13 ൽ അധികം പോയിന്റുകൾ നേടിയാണ് ഇവിടെ വിജയിച്ചത്.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപിന്റെ അഭിഭാഷകർ പ്രതികരിച്ചു.പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്.
വാഷിങ്ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റ ആന്‍ഡ് എത്തിക്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൊളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാര്‍ ചേര്‍ന്നാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. കോടതി വിധി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാല്‍ നവംബര്‍ അഞ്ചിന് നടക്കുന്ന ജനറല്‍ ഇലക്ഷനെയും ഇത് ബാധിച്ചേക്കാം.
അതെ സമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ബൈഡൻ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു.