‘ഹാരിസ്‌ ഫോർ പ്രസിഡന്റ്‌’’; സ്ഥാനാർഥിത്വം ഉറപ്പിച്ച് കമല ഹാരിസ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനത്തുനിന്നും ജോ ബൈഡന്‍ പിന്‍മാറിയതിന് പിന്നാലെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. ആഗസ്ത്‌ 19ന്‌ ഷിക്കാഗോയിൽ ആരംഭിക്കുന്ന നാഷണൽ കൺവൻഷനിൽ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ 1,976 പ്രതിനിധികളുടെ പിന്തുണയാണ്‌ വേണ്ടത്‌.ഇതിനോടകം 2,579 പേരുടെ പിന്തുണ ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ബൈഡന്റെ പ്രചാരണ ക്യാമ്പയിൻ ‘ഹാരിസ്‌ ഫോർ പ്രസിഡന്റ്‌’ എന്ന്‌ പേരുമാറ്റുകയും പുതിയ ലോഗോ പുറത്തിറക്കുകയും ചെയ്തു. ബൈഡന്റെ പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ ദേശീയ ചാംപ്യൻഷിപ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു സംസാരിച്ചത്.

അതിനിടെ, മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക്‌ നേതാവുമായ നാൻസി പെലോസി, കമലയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ബൈഡൻ പിന്മാറിയതോടെ കമല ഹാരിസിനെതിരെ രംഗത്തെത്തിയ വ്യത്യസ്ത സ്റ്റേറ്റുകളുടെ ഗവർണമാരും ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളുമായ ജെബി പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ ഉൾപ്പെടെയുള്ളവർ നിലപാടുമാറ്റി പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ജോ ബൈഡൻ അവസാനിപ്പിച്ച ഇടത്തുനിന്ന് പ്രചാരണം ഏറ്റെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ കമല ഹാരിസിന് മുന്നിലുള്ളത്.

കമലയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന്‌ ജോ ബൈഡൻ പറഞ്ഞു. ആഗസ്ത്‌ ഏഴിനുമുമ്പായി പ്രസിഡന്റ്‌ നോമിനിയെ ആവശ്യമെങ്കിൽ ഓൺലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാനും നീക്കമുണ്ട്. സ്ഥാനാർഥിത്വ സാധ്യത തെളിഞ്ഞ് ആദ്യ 24 മണിക്കൂറിൽ കമല ഹാരിസിന്‌ പ്രചാരണത്തിനായി 8.1 കോടി ഡോളർ സമാഹരിക്കാനായി.