US
  • inner_social
  • inner_social
  • inner_social

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് യു എസ്

പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക. ഇതുസംബന്ധിച്ച് നിര്‍ദേശം ചാനലിന് നല്‍കണമെന്ന് ഖത്തറിനോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അൽ ജസീറ ചാനൽ പൊതുജനാഭിപ്രായം ജ്വലിപ്പിക്കുകയും വിശാലമായ സംഘർഷത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയും ബ്ലിങ്കൻ പങ്കു വെക്കുന്നുണ്ട്. ജൂത നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ യുഎസിന്റെ ഉന്നത നയതന്ത്രജ്ഞൻ അഭ്യർത്ഥന വെളിപ്പെടുത്തിയതായി ആക്സിയോസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഖത്തർ രാജകുടുംബത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ ജസീറ.

അതെ സമയം വിഷയത്തിൽ അൽ ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൽ ജസീറയെക്കുറിച്ചുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ആശങ്ക അറബ് ലോകത്തെ പൊതുജനാഭിപ്രായത്തിൽ അതിന്റെ കവറേജ് ചെലുത്തുന്ന ഉയർന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. നേരത്തെ ഇസ്രയേൽ- ഹമാസ് സംഘർഷങ്ങൾക്കിടെ 21 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു.

ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച തുടര്‍ന്ന ഇസ്രയേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. അതെ സമയം ഗാസയിലെ ബോംബിടൽ അവസാനിപ്പിക്കണമെന്ന പലസ്തീൻ അഭ്യർഥന ഇസ്രയേൽ തള്ളി. ഗാസയിലെ ഇസ്രയേൽ നടപടികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ചേർന്ന പ്രത്യേക പൊതുസഭാ യോഗത്തിലാണ്‌ യുഎന്നിലെ പലസ്തീൻ സ്ഥാനപതി റിയാദ്‌ മൻസൂർ ഇസ്രയേലിന്റെ ആക്രമണം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌. വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു.

https://www.theguardian.com/media/2023/oct/27/us-asks-qatar-to-turn-down-the-volume-of-al-jazeera-news-coverage