വിക്കി ലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താൻ സമ്മതിച്ച് യുകെ. കൈമാറാനുള്ള ഉത്തരവിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു.14 ദിവസത്തിനുള്ളിൽ അപ്പീൽ പോകാന്‍ അനുമതിയുണ്ട്. 2019 മുതൽ ഇദ്ദേഹം ലണ്ടൻ ജയിലിലാണ്.
രഹസ്യവിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസാണ് അമേരിക്കയിൽ അസാൻജിനെതിരെയുള്ളത്.
മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായിരുന്നു അസാഞ്ചിന്റെ ഇടപെടലുകള്‍. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങളോളം ലോകം ചര്‍ച്ച ചെയ്തതാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് മുഖ്യധാര മാധ്യമങ്ങളുള്‍പ്പെടെ അനേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.2010-2011 കാലയളവില്‍ അമേരിക്കയുടെ ആഭ്യന്തര രഹസ്യമുള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ രേഖകളാണ് ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ടത്. 2019 ഏപ്രില്‍ മാസത്തിലാണ് യു.കെ പൊലീസ് ലണ്ടനിലെ ഇക്വഡോര്‍ ഏജന്‍സിയില്‍ നിന്നും അസാഞ്ചിനെ അറസ്റ്റ് ചെയ്യുന്നത്. 2012 മുതല്‍ അദ്ദേഹത്തിന് അഭയം നല്‍കിയത് ഇക്വഡോര്‍ ആയിരുന്നു.
ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന് ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചെല്‍സി മാനിങ്ങ് ആയിരുന്നു അസാഞ്ചിന് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.