US
  • inner_social
  • inner_social
  • inner_social

കോവിഡ് വ്യാജ പ്രചാരണം; യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു

ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി ലംഘിച്ചതിന് യുഎസ് കോണ്‍ഗ്രസിലെ ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മാര്‍ജൊറി ടെയ്‌ലര്‍ ഗ്രീനിന്‍റെ അക്കൗണ്ടിന് ട്വിറ്റര്‍ സ്ഥിര വിലക്ക് ഏര്‍പ്പെടുത്തി. പോളിസി ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി അനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകള്‍ അഞ്ച് തവണ പങ്കുവെച്ചതായി കണ്ടെത്തിയാല്‍ അക്കൗണ്ടിന് സ്ഥിര വിലക്ക് ഏര്‍പ്പെടുത്തും.

‘ഞങ്ങളുടെ ഇത്തരം നയങ്ങളിൽ യാതൊരു മാറ്റവും ഇല്ല, തുടർച്ചയായി തെറ്റായ വിവരങ്ങൾ പങ്കു വെക്കുന്നവരുടെ അക്കൗണ്ടുകൾ വിലക്കുന്നത് ഇനിയും തുടരും’ ട്വിറ്റര് പ്രതികരിച്ചു. നേരത്തെ തന്നെ ഈ നയം വ്യക്തമാക്കിയതാണെന്നും അവർ കൂട്ടിച്ചേർത്തു.
അതെ സമയം ട്വിറ്റര് അമേരിക്കയുടെ ശത്രുവാണെന്ന് ടെയ്‌ലർ ഗ്രീൻ പ്രതികരിച്ചു, മറ്റൊരു സോഷ്യൽ മീഡിയ സൈറ്റായ ടെലിഗ്രാം വഴിയാണ് ഗ്രീൻ നിരോധനത്തോട് പ്രതികരിച്ചത്.“ട്വിറ്റർ അമേരിക്കയുടെ ശത്രുവാണ്, സത്യം കൈകാര്യം ചെയ്യാൻ കഴിയില്ല, നമുക്ക് അവരെ ആവശ്യമില്ല, നമ്മുടെ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള സമയമാണിത്” അവർ പറഞ്ഞു.

2020-ലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നയാളാണ് ഗ്രീന്‍. വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയും, കോവിഡ് മാനദണ്ഡങ്ങള്‍ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന ഗ്രീന്‍ വിവാദങ്ങളുടെ തോഴിയാണ്. നേരത്തെ തെറ്റായ വിവരങ്ങൾ ഷെയർ ചെയ്തതിന്റെ പേരിൽ ഗ്രീനിന്റെ ട്വിറ്റര് അക്കൗണ്ട് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.