US
  • inner_social
  • inner_social
  • inner_social

ബാക്കി ബൈഡന്റെ ഒപ്പ് മാത്രം; ടിക് ടോക് നിരോധന ബിൽ, പാസാക്കി യുഎസ് സെനറ്റ്

ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യു.എസ്. ജനപ്രതിനിധി സഭ നേരത്തെ പാസാക്കിയിരുന്നു. ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടുന്നതോടെ നിരോധന ബില്‍ പ്രാബല്യത്തില്‍ വരും. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി.

അറുപത്തഞ്ചിനെതിരെ 352 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തിന് നിര്‍ദേശമുയര്‍ന്നത്. നേരത്തെ സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയിരുന്നു. നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്കിനെ നീക്കും.

ഇന്ത്യ, ബ്രിട്ടൺ, ന്യൂസിലൻഡ്, കാനഡ, തായ്‌വാൻ, ബെൽജിയം, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും മുമ്പ് ടിക് ടോക്കിനെ നിരോധിച്ചിരുന്നു. അതെ സമയം 2024 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ടിക് ടോക്ക് നിരോധനത്തിന് സെനറ്റ് തയ്യാറായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ടിക് ടോക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളിലൂടെ ചൈന തിരഞ്ഞെടുപ്പില്‍ ഇടപെട്ടേക്കുമെന്നും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചേക്കുമെന്നുമുള്ള ആശങ്കയുണ്ട്. നാഷണല്‍ ഡയറക്ടര്‍ അവ്രില്‍ ഹെയ്ന്‍സ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു..