US
  • inner_social
  • inner_social
  • inner_social

ലോകത്താദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു: വൈദ്യശാസ്ത്രത്തിൽ പുതുചരിത്രം കുറിച്ച്‌ അമേരിക്കൻ ഡോക്ടർമാർ

വൈദ്യശാസ്ത്രത്തിൽ പുതുചരിത്രം കുറിച്ച്‌ അമേരിക്കൻ ഡോക്ടർമാർ. ലോകത്താദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു. വെള്ളിയാഴ്ചയാണ്‌ അമ്പത്തേഴുകാരനായ ഡേവിഡ്‌ ബെന്നറ്റിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം പിടിപ്പിച്ചത്‌. ഡേവിഡ്‌ സുഖമായിരിക്കുന്നെന്ന്‌ മേരിലാൻഡ്‌ മെഡിക്കൽ സർവകലാശാലാ ഡോക്ടർമാരുടെ സംഘം അറിയിച്ചു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവയ്ക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി പരീക്ഷണത്തിലായിരുന്നു ഗവേഷകര്‍. ‘ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ആവേശഭരിതരാണ്. ഇത് മുമ്പൊരിക്കലും ചെയ്യാത്ത കാര്യമാണ്. അവയവക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്’- ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

2021 ഒക്ടോബറിൽ മസ്തിഷ്കമരണം സംഭവിച്ച സ്ത്രീക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ പന്നിയുടെ വൃക്ക മാറ്റിവച്ചിരുന്നു. 1984ൽ ഒരു കുട്ടിയിൽ കുരങ്ങിന്റെ ഹൃദയം മാറ്റിവച്ചെങ്കിലും 21 ദിവസമേ ജീവിച്ചുള്ളൂ. ജനിതകമാറ്റം വരുത്തിയ പന്നി ആയതിനാലാണ്‌ ഇത്തവണ പരീക്ഷണം വിജയം കണ്ടതെന്നാണ്‌ വിലയിരുത്തൽ. പന്നിയുടെ ഹൃദയവാൽവുകൾ മനുഷ്യരിൽ ഉപയോഗിക്കാറുണ്ട്‌. പൊള്ളലേറ്റവരിൽ പന്നിയുടെ തോലും വച്ചുപിടിപ്പിക്കാറുണ്ട്‌. അതെ സമയം മാറ്റിവച്ച പന്നി ഹൃദയത്തിന്റെ മനുഷ്യശരീരത്തിനുള്ളിലെ പ്രവര്‍ത്തനക്ഷമതയെയും സുരക്ഷയെയും കുറിച്ച് ഇനിയും ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.