US
  • inner_social
  • inner_social
  • inner_social

കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഒഹിയോയിൽ മരിച്ച നിലയിൽ

യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയിൽ എത്തിയത്.

മാർച്ച് ഏഴിനാണ് അർഫാത്തിത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്. മകനുമായി മാർച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അർഫത്തിന്‍റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ന്യൂയോർക്കിലെ ഇന്ത്യൻ എംബസി നടത്തിവരികയാണ്. അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്.

ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതിൽ മിക്കതും വിദ്യാർഥികളാണ്. യുഎസിലെ കണക്കുകൾ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം കൂടുതലാണ്. കഴിഞ്ഞ വെള്ളിയാഴ്ചും ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ വർഷം ആദ്യം, ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർത്ഥി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.