നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി. കേസുകൾ പിൻവലിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. 2020ലെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസും ഗവൺമന്റ് രഹസ്യരേഖകൾ കൈവശം വെച്ചെന്ന കേസുമാണ് പിൻവലിക്കുന്നത്. സിറ്റിംഗ് പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന അമേരിക്കയുടെ ദീർഘകാല നയം അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.
വൈറ്റ് ഹൗസിൽ നിന്ന് സുപ്രധാന ഫയലുകൾ തന്റെ സ്വകാര്യ വസതിയായ മാറ-ലാഗോയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട കേസായിരുന്നു ആദ്യത്തേതെങ്കിൽ 2020 ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനായി നടത്തിയ ശ്രമങ്ങളിലും ക്യാപിറ്റോൾ കലാപത്തിനുമായിരുന്നു രണ്ടാമത്തെ കേസ്. വിഷയത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിൻ്റെ ആവശ്യം.
“അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന വലിയ ജനവിധിയോടെ അമേരിക്കൻ ജനത പ്രസിഡൻ്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുത്തു. ട്രംപിനെതിരായ ഭരണഘടനാ വിരുദ്ധമായ ഫെഡറൽ കേസുകൾ അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ഇന്നത്തെ തീരുമാനം നിയമവാഴ്ചയുടെ വലിയ വിജയമാണ്. അമേരിക്കൻ ജനതയും പ്രസിഡൻ്റ് ട്രംപും നമ്മുടെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു, രാജ്യത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നായിരുന്നു ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചിയുങ് പ്രതികരിച്ചത്.