US
  • inner_social
  • inner_social
  • inner_social

ഗോൾഫ് ക്ലബ്ബിൽ ട്രംപിന് നേരെയുള്ള വധശ്രമം; എലോൺ മസ്കിന്റെ പ്രതികരണം വിവാദത്തിൽ

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിനു സമീപം നടന്ന വെടിവെപ്പിനെ കുറിച്ചുള്ള എലോൺ മസ്കിന്റെ പ്രതികരണം വിവാദത്തിൽ. ചിലര്‍ ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന എക്‌സിലെ ഒരു ഉപയോക്താവ് മസ്‌കിനോട് ചോദിച്ചു. ഇതിന് മസ്‌ക് നല്‍കിയ മറുപടിയാണ് വിവാദമായത്. ബൈഡനേയും കമലയേയും കൊലപ്പെടുത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നായിരുന്നു മസ്‌കിന്റെ മറുപടി. പ്രതികരണം വിവാദമായതോടെ മസ്‌ക് കമന്റ് പിന്‍വലിച്ചു. ട്രംപുമായി മസ്‌കിന് അടുത്ത ബന്ധമാണുള്ളത്. നേരത്തേ താന്‍ പ്രസിഡന്റായാല്‍ മസ്‌കിനെ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപത്ത് വെടിവെപ്പ് നടന്നത്. ഡൊണാൾഡ് ട്രംപ് ഈ സമയത്ത് ഗോൾഫ് ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തതോടെ കാറിൽ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് പോലീസ് വ്യക്തമാക്കി.

തനിക്കെതിരെ വീണ്ടും വധശ്രമം നടന്നെന്ന് ചൂണ്ടിക്കാട്ടി ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘വീണ്ടും സുഹൃത്തുക്കളേ’ എന്ന് അഭിസംബോധന ചെയ്താണ് പോസ്റ്റ്. കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു എകെ 47 കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. വെടിവെച്ചെന്ന് സംശയിക്കുന്നയാളെ പിടികൂടിയെന്നും താൻ സുരക്ഷിതനാണെന്നും അദ്ദേഹം അറിയിച്ചു. വധശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു.